തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിയോടെയാണ് അലർട് നൽകിയത്. ജില്ലകളിൽ നേരിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻ നിശ്‌ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂർ, കിഴക്കേക്കോട്ട, പഴവങ്ങാടി തുടങ്ങിയ സ്‌ഥലങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും കടകളിൽ വെള്ളം കയറി. പഴവങ്ങാടിയിൽ നിന്ന് പവർഹൗസ് വഴി റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്ന റോഡ് വെള്ളത്തിലായി. ഈ ഭാഗത്ത് ആമയിഴഞ്ചാൻ തോട് കരകവിഞ്ഞു.
അരുവിക്കര ഡാമിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. പൊൻമുടിയിൽ വിനോദസഞ്ചാരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
Most Read| ‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡണ്ട് സ്‌ഥാനം ഒഴിയാൻ തയ്യാർ’