കൊച്ചി: നിർദ്ദിഷ്‌ട ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയെ കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്ന് കോടതി വ്യക്‌തമാക്കി.
നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തുടക്കത്തിൽ തന്നെ കോടതിയെ വിവരങ്ങൾ അറിയിക്കണമെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വയനാട്ടിൽ തുരങ്കം നിർമിക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. സർക്കാരും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂലമാണെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. തുരങ്ക പദ്ധതിക്ക് കോടതി എതിരല്ല. എന്നാൽ, ഇത്തരം സ്‌ഥലങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
വയനാട്ടിലെ ദുരന്തമേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ അനുമതി വേണമെന്ന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഹിൽ സ്‌റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്‌ഥാന വിവരങ്ങളും സൗകര്യങ്ങളും ഉൾപ്പടെ വിശദമായ പഠനം നടത്തി മൂന്നാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്