കൊച്ചി: കേരള ഹൈക്കോടതി എറണാകുളത്ത് നിന്ന് കളമശേരിയിലേക്ക്. എറണാകുളം നഗരമധ്യത്തിൽ സ്‌ഥിതി ചെയ്യുന്ന ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിലേക്ക് സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്‌ഥാപിക്കാനാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലപ്പെടുത്തി. 2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്‌റ്റിസും പങ്കെടുത്ത വാർഷിക യോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷ്യൽ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമാണവും ഉൾപ്പടെ 1000 കോടിയിൽപ്പരം രൂപ ചിലവ് കണക്കാക്കുന്ന പദ്ധതിയാണിത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം