കൊച്ചി: ആലുവയ്‌ക്കടുത്ത് എടത്തല പഞ്ചായത്തിൽ സുരക്ഷാ മേഖലയിൽ പിവി അൻവർ എംഎൽഎയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹരജിയിൽ അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം.
അവസാന അവസരമായി കണ്ട് മൂന്നാഴ്‌ചക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാനാണ് ജസ്‌റ്റിസ് സിപി മുഹമ്മദ് നിയാസ് നിർദ്ദേശം നൽകിയത്. സാമൂഹിക പ്രവർത്തകനായ കെവി ഷാജി നൽകിയ ഹരജിയിലാണ് കോടതിയുടെ അന്ത്യശാസന. പിവി അൻവർ എംഎൽഎയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിർമിച്ചതാണെന്നും ഇത് പൊളിച്ചു നീക്കണമെന്നുമായിരുന്നു ഹരജി.
നേരത്തെ, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി മൂന്നാഴ്‌ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുകൂട്ടരും ഇത് സമർപ്പിക്കാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നൽകിയത്. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും. ന്യൂഡെൽഹിയിലെ കടാശ്വാസ കമ്മീഷൻ 2006 സെപ്‌തംബർ 18ന് നടത്തിയ ലേലത്തിലാണ് പിവി അൻവർ മാനേജിങ് ഡയറക്‌ടറായ പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 99 പാട്ടത്തിന് ഏഴുനില കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി സ്വന്തമാക്കിയതെന്ന് ഹരജിയിൽ പറയുന്നു.
അനുമതിയിലാത്ത കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്‌റ്റോപ് മെമ്മോ നൽകിയിട്ടും അത് പരിഗണിക്കാതെയാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചെത്താനും ഹരജിയിൽ പറയുന്നു. ഡിജെ പാർട്ടിയടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ കെട്ടിടത്തിൽ നടക്കുന്നതായും ഹരജിയിൽ ആരോപിക്കുന്നു.
2018 ഡിസംബർ എട്ടിന് രാത്രി 11.30ന് ഈ കെട്ടിടത്തിൽ ആലുവ എക്‌സൈസ് സിഐയുടെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തി ഇവിടെനിന്നും 19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമടക്കം അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ കെട്ടിട ഉടമയായ അൻവറിനേയോ നടത്തിപ്പുകാരനേയോ കേസിൽ പ്രതിയാക്കിയില്ല. ഇക്കാര്യങ്ങളെലാം ചൂണ്ടിക്കാട്ടി അനധികൃത കെട്ടിടം പൊളിക്കാൻ താൻ എറണാകുളം കളക്‌ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നുവെന്ന് ഹരജിക്കാരൻ പറയുന്നു. ഇത് പരിഗണിക്കാതിരുന്നതോടെയാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ