മലപ്പുറം: വിശ്വാസികൾക്ക് ആശ്വാസവും ആത്‌മീയ നിർവൃതിയുമേകി കേരള മുസ്‌ലിം ജമാഅത്ത് ദുആ മജ്‌ലിസ് ഇന്നലെ രാത്രിയോടെ സമാപിച്ചു. പ്രതിസന്ധി കാലത്തിനെ അതിജീവിക്കാൻ വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ഓൺലൈൻ ‘ദുആ മജ്‌ലിസ്’ (പ്രാർഥനാ സംഗമം) സംഘടിപ്പിച്ചത്.
മഹാമാരികാലം സൃഷ്‌ടിച്ച അനിശ്‌ചിതത്വവും ട്രിപ്പിൾ ലോക്ക് ഡൗൺ പോലുള്ള കർശന പ്രതിരോധ മാർഗങ്ങളും വ്യക്‌തികളിലും കുടുംബങ്ങളിലും സൃഷ്‌ടിക്കുന്ന സാമ്പത്തികവും മാനസികവുമായ പ്രതിസന്ധികൾ വളരെ വലുതാണ്. ഇവയെ തരണം ചെയ്യാൻ വിശ്വാസികളെ ആത്‌മീയമായി പരുവപ്പെടുത്തുക എന്നതാണ് ഇത്തരം പ്രാർഥനാ സംഗമങ്ങൾ കൊണ്ട് ലക്ഷ്യംവെക്കുന്നത്; നേതൃത്വം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലാ ദഅവാ കാര്യസമിതിയുടെ ആഭിമുഖ്യത്തിൽ ഇസ്‌ലാമിക് മീഡിയ മിഷൻ യൂട്യൂബ് ചാനലിലൂടെയാണ് പ്രാർഥനാ സംഗമം നടന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി. ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ പ്രാരംഭ പ്രാർഥന നിർവഹിച്ച ചടങ്ങിൽ പിഎസ്‌കെ ദാരിമി എടയൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജില്ലാ സെക്രട്ടറി പികെഎം സഖാഫി ഇരിങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു. നാരിയത്ത് സ്വലാത്ത് ജൽസക്ക് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി നേതൃത്വം നൽകി. ജില്ലയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതർ, സംഘടനാ നേതാക്കൾ, ജില്ലയിലെ 1197 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ ആയിരങ്ങളാണ് ‘ദുആ മജ്‌ലിസിൽ ‘ പങ്കാളികളായത്; സംഘാടകർ പറഞ്ഞു.
Most Read: സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്







































