സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ ‘നിയമ പരിഷ്‌കാര’ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൃഥ്വിരാജ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപില്‍ നിന്ന് എനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്‌തികള്‍ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കാരമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,”- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നത് ഇങ്ങനെ;

ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം, സച്ചിയുടെ ‘അനാര്‍ക്കലി’ക്ക് വേണ്ടി ഞാന്‍ വീണ്ടും ലക്ഷദ്വീപിലെത്തി. രണ്ട് മാസം കവരത്തിയിൽ ചിലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവനും സൂക്ഷിക്കാനുള്ള ഓർമകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വര്‍ഷം മുമ്പ് വീണ്ടും ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലൂസിഫറി’ന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്‌നേഹമുള്ള ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദ്വീപിൽ നിന്നും എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അവർ അഭ്യര്‍ഥിക്കുകയും ചെയ്‌തു.

എന്തുകൊണ്ട് ദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാന്‍ ലേഖനമൊന്നും എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. അതേകുറിച്ച് വായിക്കാന്‍ താൽപര്യമുള്ളവര്‍ക്ക് ഓണ്‍ലൈനുകളിൽ ലേഖനങ്ങള്‍ ലഭ്യമാണ്. എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല എന്നാണ് എനിക്ക് മനസിലാക്കാനായത്.

ഏതെങ്കിലും നിയമമോ പരിഷ്‌കാരമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്‌ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്‌ടിക്കുന്നത് ഭൂമിശാസ്‌ത്രപരമോ രാഷ്‌ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നത്?

നമ്മുടെ സിസ്‌റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ ജനങ്ങളില്‍ അതിനെക്കാൾ വിശ്വാസമുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്‌തരാകുമ്പോള്‍, അവര്‍ അത് ലോകത്തിന്റെയും അവരുടെ സർക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുക.

അതിനാല്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്‌ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്‌ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുകയും ചെയ്യുന്നു.

Must Read:  ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE