തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വരും മണിക്കൂറുകളിൽ അലർട്ടുകളിൽ മാറ്റം വന്നേക്കാം. കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. ഒമ്പതാം വളവിന് താഴെ പാറക്കല്ലുകളും നാലാം വളവിൽ മരവും വീണു.
മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകി. കോഴിക്കോട് മലയോര മേഖലയിൽ അതിശക്‌തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ചാലക്കുടിയിൽ വെള്ളക്കെട്ടുണ്ടായി. അടിപ്പാതയിൽ വെള്ളം കയറി. കോഴിക്കോട് കുറ്റ്യാടിയിൽ വീടിന് മുകളിൽ തെങ്ങ് വീണു. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം, മാട്ടുപെട്ടി, ഷോളയാർ, പീച്ചി, പഴശ്ശി, ആളിയാർ ഡാമുകൾ തുറന്നു.
പാലക്കാട് മരം വീണ് വയോധികയ്‌ക്ക് പരിക്കേറ്റു. ചന്ദ്രനഗർ സ്വദേശി സരോജിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂർ കുയിലൂരിൽ കാറിന് മുകളിൽ മരം വീണു. കോട്ടയം കുറിച്ചിയിൽ വീട് ഇടിഞ്ഞു വീണു. കുഞ്ഞൻകവല ശോഭയുടെ വീടാണ് തകർന്നത്. വയനാട് തലപ്പുഴയിൽ റോഡിന് കുറുകെ മരം വീണ് ഗതാഗത തടസമുണ്ടായി.
Most Read| ഫോൺ സംഭാഷണം പുറത്തായി; ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു