തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഗ്രീൻ അലർട്ടുമാണ്.
ഇടമിന്നലോടും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര, തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ അസ്‌ന ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ ചൊവ്വാഴ്‌ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറി താമസിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്‌ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ദേശീയ വനിതാ കമ്മീഷൻ