തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്‌തിപ്രാപിക്കാൻ സാധ്യതയേറുകയും ചെയ്‌തതോടെയാണ് കേരളത്തിൽ അതിതീവ്ര മഴ തുടരുന്നത്.
ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട് ആണ്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് അതത് ജില്ലാ കലക്‌ടർമാർ അറിയിച്ചിട്ടുണ്ട്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്‌ക്കും അവധി ബാധകമാണ്. എന്നാൽ, സർവകലാശാല പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾകും അവധി ബാധകമല്ല.
അതേസമയം, ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. രണ്ട് ഡാമുകളിലും 24 മണിക്കൂറിനിടെ മൂന്നടിയോളം വെള്ളം ഉയർന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
പേപ്പാറ ഡാമിലെ ജലനിരപ്പും ഉയർന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. 101.75 സെന്റീമീറ്റർ ആണ് ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. എന്നാൽ, ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിലെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം 40 സെന്റീ മീറ്റർ വീതം ഉയർത്തി.
Tech| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ