തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് അനന്തപുരയിൽ തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് പതാക ഉയർത്തി.
കലോൽസവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. മന്ത്രിമാരായ ജിആർ അനിൽ, കെ രാജൻ, എകെ ശശീന്ദ്രൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മേയർ ആര്യ രാജേന്ദ്രൻ, കളക്‌ടർ അനുകുമാരി, എംഎൽഎമാർ, എംപിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാന കാര്യമെന്ന് മൽസരാർഥികളോട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മൽസരാർഥികൾക്ക് ഇപ്പോൾ നൽകുന്ന ഒറ്റത്തവണ സ്‌കോളർഷിപ്പ് 1500 രൂപയായി വർധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. 1000 രൂപയാണ് ഇത്തവണ സ്‌കോളർഷിപ്പായി നൽകുക. 11 മണിക്ക് കലാമൽസരങ്ങൾക്ക് തിരി തെളിയും. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തോടെ വേദികൾ ഉണരും. 25 വേദികളിലായി നടക്കുന്ന 249 മൽസരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും.
ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തം, ഒപ്പന, ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളി എന്നിവ ആദ്യദിനം തന്നെ വേദിയിലെത്തും. ചരിത്രത്തിൽ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്ര നൃത്തരൂപങ്ങൾ മൽസര വേദികളിലെത്തുന്ന സംസ്‌ഥാന കലോൽസവമാണിത്.
എംടി വാസുദേവൻ നായരോടുള്ള ആദര സൂചകമായി പ്രധാനവേദിക്ക് ‘എംടി-നിള’ എന്നാണ് പേരിട്ടിരിക്കുന്നത്. എട്ടിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് പങ്കെടുക്കും.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് സംസ്‌ഥാന സ്‌കൂൾ കലോൽസവം അനന്തപുരിയിലേക്ക് എത്തുന്നത്. 2016ൽ തിരുവനന്തപുരത്ത് നടന്ന കലോൽസവത്തിൽ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്പ്. കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന കലോൽസവത്തിൽ കണ്ണൂരായിരുന്നു ജേതാക്കൾ. കോഴിക്കോട് രണ്ടാം സ്‌ഥാനത്തായിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം