അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച്, അച്ഛന് ഏറെ ഇഷ്‌ടമായിരുന്ന തമിഴ് ഭാഷയിൽ പ്രസംഗിച്ച് അക്ഷയ നേടിയ എ ഗ്രേഡിന് ഒന്നാം സ്‌ഥാനത്തേക്കാൾ തിളക്കമുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ തമിഴ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ ഈ മിടുക്കികുട്ടിക്ക് വേദിയിൽ നിറഞ്ഞ കൈയ്യടിയായിരുന്നു.
പാലക്കാട് ചിറ്റൂർ ജിവിഎച്ച്‌എസിലെ അക്ഷയ എന്ന പത്താം ക്ളാസുകാരിയാണ് ഈ മിടുക്കുകുട്ടി. അക്ഷയയുടെ അമ്മ പാലക്കാട്ടുകാരിയും അച്ഛൻ തമിഴ്‌നാട് സ്വദേശിയുമാണ്. കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ വേർപാട് അക്ഷയയെ ഏറെ വേദനിപ്പിച്ചിരുന്നു. എട്ടുവർഷം മുമ്പാണ് അക്ഷയയുടെ അച്ഛൻ മരിച്ചത്.
അച്ഛന്റെ ഭാഷ നെഞ്ചോട് ചേർത്താണ് അക്ഷയ അതേ നാട്ടിൽ തമിഴ് വിദ്യാഭ്യാസം തുടർന്നത്. എന്നാൽ, സാഹചര്യങ്ങൾ പ്രതികൂലമായതോടെ രണ്ടുവർഷം മുൻപ് അമ്മ വീടായ കല്ലൻതോടിലേക്ക് താമസം മാറ്റി. പിന്നാലെ ചിറ്റൂർ സ്‌കൂളിലേക്ക് പഠനം മാറ്റി. ചിറ്റൂർ സ്‌കൂളിലെ അധ്യാപകരാണ് അക്ഷയയിലെ കലയെ കൈപിടിച്ചുയർത്തിയത്. അത് ഇന്ന് സംസ്‌ഥാന കലോൽസവ വേദിയിൽ എത്തിനിൽക്കുന്നു.
കലോൽസവ വേദിയിൽ തന്റെ പ്രസംഗം കാണാൻ അമ്മയ്‌ക്ക് വരാൻ സാധിക്കാത്തതിൽ വലിയ നിരാശയുണ്ട് അക്ഷയയ്‌ക്ക്. അതേക്കുറിച്ച് പറയുമ്പോൾ അക്ഷയയുടെ തൊണ്ടയിടറും. അമ്മയ്‌ക്ക് പണിക്ക് പോകണം. അഞ്ചുപേരാണ് വീട്ടിലുള്ളത്. അമ്മ പണിക്ക് പോയില്ലെങ്കിൽ ഒന്നും ശരിയാകില്ലെന്നും അക്ഷയ പറയുന്നു.
വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഈ മിടുക്കിക്കുള്ളൂ. ഒരു ഡോക്‌ടറാകണം. അമ്മയെ നന്നായി നോക്കണം. കഷ്‌ടപ്പാടുകളെല്ലാം ഉള്ളിലൊതുക്കിയാണ് അക്ഷയ വേദിയിൽ വാക്കുകൾകൊണ്ട് അമ്മാനമാടുന്നത്. തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ഈ കൊച്ചുമിടുക്കിയുടെ ആൽമവിശ്വാസം അവളുടെ വാക്കിനോളം മൂർച്ഛയുണ്ട്. വിദ്യാഭ്യാസമാണ് അക്ഷയയുടെ ഏക പ്രതീക്ഷ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം