തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കും.
അതിനോടൊപ്പം നേരത്തെയുള്ള കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ, ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്ത് തീർക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, പെൻഷൻ വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സർക്കാറിന് ലോട്ടറി അടിച്ചിട്ട് നടത്തുന്ന പ്രഖ്യാപനമല്ലെന്ന് കെഎൻ ബാലഗോപാൽ പ്രതികരിച്ചു. മാജിക്ക് പോലെ പ്രഖ്യാപനം നടത്താൻ കഴിയില്ല. കൃത്യമായ കണക്കും കാര്യങ്ങളും പഠിച്ചിട്ടാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനം എന്നാണ് പറയുന്നതെങ്കിൽ രണ്ടോ മൂന്നോ മാസം മുൻപ് പ്രഖ്യാപിച്ചാൽ മതിയല്ലോ.
ആറുമാസം മുമ്പാണ് ഞങ്ങൾ പ്രഖ്യാപിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണ് കൊടുക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൽ വലിയ ബുദ്ധിമുട്ടും വറുതിയും ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നത്. അടുത്തതായി വരുന്ന സർക്കാർ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ഇതെല്ലാം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































