തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്.
കലോൽസവം നടക്കുന്ന 25 വേദികളിലും 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭ്യമാകേണ്ടതാണ്. എന്നാൽ, ഡ്യൂട്ടിക്ക് ഹാജരാകില്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) ആരോഗ്യ വകുപ്പിനെ അറിയിച്ചു.
ആരോഗ്യ സുരക്ഷയ്‌ക്ക് സജ്‌ജമാണെന്ന് വകുപ്പ് പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് നിസ്സഹരണത്തിലാണെന്ന് കെജിഎംഒഎ ഭാരവാഹികൾ ഡിഎംഒയെ കത്ത് വഴി അറിയിച്ചത്. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡി നെൽസനെ സ്വകാര്യ പ്രാക്‌ടീസ് നടത്തിയതിന്റെ പേരിൽ സെപ്‌തംബർ 23ന് സസ്‌പെൻഡ് ചെയ്‌തതോടെയാണ് ജില്ലയിലെ ഡോക്‌ടർമാരും ആരോഗ്യ ഡയറക്‌ടറേറ്റും തമ്മിൽ തർക്കം തുടങ്ങിയത്.
നവംബർ 11ന് നെൽസനെ അടൂർ ജനറൽ ആശുപത്രിയിൽ നിയമിച്ചു. എന്നാൽ, നെൽസനെ ആര്യനാട് തന്നെ നിയമിക്കണമെന്ന ആവശ്യവുമായി കെജിഎംഒ നിസ്സഹരണ സമരം ആരംഭിച്ചു. ആശുപത്രി ഡ്യൂട്ടിക്ക് അല്ലാതെ വിഐപി ഡ്യൂട്ടിയും വകുപ്പിന്റെ യോഗങ്ങളിലും ഇവർ പങ്കെടുക്കുന്നില്ല. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ഡോക്‌ടർമാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ