കോട്ടയം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തിയെങ്കിലും, വലിയതോതിൽ നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തു. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും പലയിടത്തുമുണ്ടായി. മലബാർ മേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്.
മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കണ്ണൂരിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും മഴ പെയ്തു. കനത്ത കാറ്റിൽ പരശുരിൽ വീടിന്റെ മേൽക്കൂര തകർന്നു. ചിറ്റാരിപ്പറമ്പിൽ കടയുടെ മേൽക്കൂര പറന്നുപോയി. കൂത്തുപറമ്പിൽ മൂന്ന് വീടുകൾക്ക് മുകളിൽ തെങ്ങ് വീണു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. മലയോര, തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. കുറ്റ്യാടി, നാദാപുരം, വടകര മേഖലകളിലാണ് ഉച്ചയോടെ മഴ തുടങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും പലയിടത്തുമുണ്ടായി. കോട്ടയം ഉൾപ്പടെയുള്ള തെക്കൻ ജില്ലകളിലും വേനൽമഴ ലഭിച്ചു.
ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാവിലുംപാറ സ്വദേശി പവിത്രൻ എന്ന കർഷകൻ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളിൽ ആയിരത്തോളം എണ്ണം കാറ്റിൽ ഒടിഞ്ഞുവീണ് നശിച്ചു.
മഴ ലഭിച്ചതോടെ അന്തർരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. അതേസമയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ







































