മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിലെ കാർ കണ്ടെത്തി. കണിയാമ്പറ്റയിലെ ഒരു വീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കാർ മാനന്തവാടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നാല് പേരാണ് സംഭവത്തിൽ പ്രതികളെന്ന് പോലീസ് അറിയിച്ചു.
ഇന്ന് തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയുടേതാണ് കാർ. വയനാട് മാനന്തവാടി കൂടൽകടവ് ചെമ്മാട് ഉന്നതിയിലെ ആദിവാസി യുവാവ് മാതനെയാണ് കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു പോയത്. പയ്യംമ്പള്ളി കൂടൽകടവിൽ തടയണ കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
ഇത് തടയാനെത്തിയപ്പോഴാണ് കാറിന്റെ ഡോറിൽ കൈ കുടുക്കി മാതനെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയത്. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാൻ മന്ത്രി ഒആർ കേളു പോലീസിന് നിർദ്ദേശം നൽകി. കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷനും നിർദ്ദേശം നൽകി. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. പ്രിയങ്ക ഗാന്ധി എംപി ഉൾപ്പടെയുള്ളവരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രതിഷേധവുമായി ആദിവാസി സംഘടനകളും രംഗത്തെത്തി.
Most Read| കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ട; ഹൈക്കോടതി








































