കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി. ആറ് ആഴ്ചക്കുള്ളിൽ പുതിയ നാമനിർദ്ദേശം സമർപ്പിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഗവർണർ സ്വന്തം നിലയിൽ നാല് വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത നടപടിയാണ് റദ്ദാക്കിയത്. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. ഹ്യൂമാനിറ്റിസ്, ഫൈൻ ആർട്സ്, സയൻസ്, സ്പോർട്സ് വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവർത്തകർ ആണെന്നായിരുന്നു ആരോപണം.
ഓരോ മേഖലയിലും പ്രാവീണ്യം നേടിയവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യുക. രാഷ്ട്രീയ പശ്ചാത്തലം നോക്കി നടത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് സർവകലാശാല രജിസ്ട്രാർ സെനറ്റിലേക്ക് നൽകിയ പട്ടികയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ ഹൈക്കോടതിയിൽ പരാതി നൽകി. തങ്ങളുടെ കഴിവുകൾ പരിഗണിക്കാതെയാണ് ഗവർണർ നിയമനം നടത്തിയതെന്ന് വിദ്യാർഥികൾ ഹരജിയിൽ ആരോപിച്ചിരുന്നു.
സർവകലാശാല നൽകിയ ലിസ്റ്റിലുള്ള വിദ്യാർഥികളെ പരിഗണിക്കാതിരിക്കാൻ എന്താണ് കാരണമെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. നാമനിർദ്ദേശം നടത്തുന്നതിന് കൃത്യമായ മാർഗരേഖകളില്ലെന്നും അതിനാൽ ചാൻസലർ എന്ന നിലയിൽ തനിക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയെ അറിയിച്ചു. ഇതോടെ, ഹരജി നൽകിയ വിദ്യാർഥികൾക്ക് പറയാനുള്ളത് ഗവർണർ കേൾക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, സർക്കാർ നോമിനേറ്റ് ചെയ്ത രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ