തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്‌ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്‌തമായ മഴ എന്നതുകൊണ്ട് കാലാവസ്‌ഥാ വകുപ്പ് അർഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ കാലവർഷം എത്തിയിട്ട് ഒരുമാസം തികയുമ്പോൾ 53% അധികമഴ ലഭിച്ചെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ കണക്ക്. പതിവ് പോലെ കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളിലാണ് (കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്).
കാലാവസ്‌ഥാ വകുപ്പിന്റെ കണക്ക് പ്രകാരം കണ്ണൂരിലാണ് ഏറ്റവും കൂടുതൽ (1432 മില്ലീമീറ്റർ) മഴ ലഭിച്ചതെങ്കിലും ജലസേചന വകുപ്പിന്റെ കണക്കിൽ കാസർഗോഡാണ് (1647 മില്ലീമീറ്റർ) കൂടുതൽ മഴ രേഖപ്പെടുത്തിയത്. (യാഥാർഥ്യവുമായി കൂടുതൽ അടുപ്പം ജലസേചന വകുപ്പിന്റെ കണക്ക് ആണ്).
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!