തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കാണ് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഉണ്ട്.
പത്തനംതിട്ട ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്.
തെക്കൻ കർണാടകയ്‌ക്ക് മുകളിൽ സ്‌ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ഇതിന് മുകളിലായി കർണാടക മുതൽ കന്യാകുമാരി മേഖലവരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും ഫലമായിട്ടാണ് കേരളത്തിൽ മഴ തുടരുന്നത്. ഒരാഴ്‌ച ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.
മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്‌തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ച് കടക്കുകയോ നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുകയോ ചെയ്യരുത്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കുകയും വേണം.
Most Read| ജമ്മു കശ്‌മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം- വോട്ടെണ്ണൽ ഒക്‌ടോബർ നാലിന്