
കൊച്ചി: കേരള മണ്ണിൽ നിന്ന് കുഞ്ഞു ‘നിധി’ മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്. ആലപ്പുഴ- ധൻബാദ് എക്‌സ്‌പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ പുറപ്പെട്ടു. ഉപേക്ഷിച്ച് പോയ മാതാപിതാക്കൾക്ക് കുട്ടിയെ നോക്കാൻ സാമ്പത്തികം ഇല്ലാത്തതിനാൽ ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറും.
ജാർഖണ്ഡ് സിഡബ്‌ളുസി ആയിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ സംസ്‌ഥാന ശിശുക്ഷേമ സമിതി ജാർഖണ്ഡ് ശിശുക്ഷേമ സമിതിയിൽ നിന്ന് അഭിപ്രായം തേടിയിരുന്നുവെന്ന് സിഡബ്‌ളുസി ചെയർമാൻ വിൻസെന്റ് ജോസഫ് വ്യക്‌തമാക്കി.
കുട്ടിയെ സംരക്ഷിക്കാൻ ആവശ്യമായ സാമ്പത്തിക ചുറ്റുപാട് മാതാപിതാക്കൾക്ക് ഇല്ല എന്നാണ് അവർ അറിയിച്ചത്. ഒരിക്കൽ കുട്ടിയെ ഉപേക്ഷിച്ചുപോയ ചരിത്രമുള്ളതിനാൽ ജാർഖണ്ഡ് സിഡബ്‌ളുസിക്ക് തന്നെ കുട്ടിയെ കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ കെഎസ് സിനിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കുട്ടിയുമായി ജാർഖണ്ഡിലേക്ക് പോയത്. പശ്‌ചിമ ബംഗാൾ സിഡബ്‌ളുസിക്ക് കൈമാറാനുള്ള മറ്റൊരു കുഞ്ഞും ഇവർക്കൊപ്പമുണ്ട്.
കോട്ടയത്തെ മീൻവളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്‌തിരുന്ന ജാർഖണ്ഡ് ദമ്പതികൾ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ കുഞ്ഞിന് ജൻമം നൽകുകയുമായിരുന്നു. പൂർണ വളർച്ച എത്താത്തതിനാൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്ക് മടങ്ങി.
കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത് ‘നിധി’ എന്ന് പേര് നൽകി. ശിശു സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. ആശുപത്രി ബില്ലടക്കാനുള്ള തുക തങ്ങളുടെ കൈവശം ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോയെന്നും, കുഞ്ഞ് ജീവനോടെയില്ലെന്നാണ് കരുതിയതെന്നും മാതാപിതാക്കൾ വ്യക്‌തമാക്കിയിരുന്നു. കുഞ്ഞ് ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഇവർ കേരളത്തിലേക്ക് തിരികെയെത്തി കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സംസ്‌ഥാന ശിശുക്ഷേമ സമിതി ജാർഖണ്ഡ് സിഡബ്‌ളുസിയുടെ അഭിപ്രായം തേടിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ