ടെഹ്‌റാൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഡൊണാൾഡ് ട്രംപ് ക്രിമിനലാണെന്ന് ഖമനയി വിമർശിച്ചു. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ടെലിവിഷൻ സംപ്രേഷണം ചെയ്‌ത പ്രസംഗത്തിലാണ് പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ഖമനയി അറിയിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇറാനിലെ കലാപത്തിൽ യുഎസ് പ്രസിഡണ്ട് നേരിട്ട് പ്രസ്‌താവനകൾ നടത്തിയതായും ഖമനയി പറഞ്ഞു.
രാജ്യദ്രോഹികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. പ്രക്ഷോഭകാരികളെ സൈനികമായി പിന്തുണയ്‌ക്കുന്നു എന്ന് ട്രംപ് പറഞ്ഞു. ഇറാനുമേൽ സാമ്പത്തികവും രാഷ്‌ട്രീയവുമായ ആധിപത്യം സ്‌ഥാപിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. മരണങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ യുഎസ് പ്രസിഡണ്ടിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖമനയി പറഞ്ഞു.
പ്രതിഷേധക്കാർ അമേരിക്കയുടെ കാലാൾപ്പടയാണെന്ന് ഖമനയി വിശേഷിപ്പിച്ചു. പ്രക്ഷോഭകർ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്റർനെറ്റ് വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഇറാനിൽ തുടരുകയാണ്. രണ്ടാഴ്‌ച നീണ്ട പ്രക്ഷോഭത്തിൽ 2677 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്‌ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്‌ടിവിസ്‌റ്റ്‌സ് ന്യൂസ് ഏജൻസി (ഹന) റിപ്പോർട്.
അതേസമയം ഇറാനിൽ സൈനികനടപടി തൽക്കാലം വേണ്ടെന്നാണ് യുഎസ് തീരുമാനം. ഗർഫ് രാജ്യങ്ങളുടെ ഇടപെടലാണ് യുഎസിനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. അതിനിടെ, ഇന്റർനെറ്റ് ബന്ധം സ്‌ഥിരമായി വിച്ഛേദിക്കാൻ ഇറാൻ ഭരണകൂടം തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഭരണകൂടം അംഗീകരിക്കുന്നവർക്ക് മാത്രമായിരിക്കും ഇനി ഇന്റർനെറ്റ് നൽകുകയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































