കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് തെളിവെടുപ്പ് മാറ്റി വച്ചു. നിലവിൽ അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിലാണ് കിരൺ കുമാർ. രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥരും നിരീക്ഷണത്തിലാണ്.
കിരൺ കുമാറിനെ വിസ്‌മയയുടെ നിലമേലുള്ള വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് ബാധിതനായത്. കൂടാതെ കിരണിന്റെ കസ്‌റ്റഡി കാലാവധി ബുധനാഴ്‌ച അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ കോവിഡ് സ്‌ഥിരീകരിച്ചതിനാൽ കേസിന്റെ തുടർ നടപടികൾ വൈകും. കഴിഞ്ഞ ദിവസം ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കിരൺ കുമാറിനെ ശൂരനാട് പോരുവഴിയിലെ കിരൺകുമാറിന്റെ വീട്, വിസ്‌മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കൂടാതെ വിസ്‌മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ബാങ്കിലെത്തിയും തെളിവെടുപ്പ് നടത്തി. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം. അല്ലാത്തപക്ഷം സ്വാഭാവിക ജാമ്യം നേടി കിരൺ കുമാർ പുറത്തിറങ്ങാനുള്ള സാധ്യതയുള്ളതിനാലാണ് 90 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നീക്കം നടത്തുന്നത്.
Read also : രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ