കോഴിക്കോട്: വീട് പൊളിക്കണം എന്നാവശ്യപ്പെട്ട് തനിക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി എംഎൽഎ. നഗരസഭയിൽ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ലെന്നും വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ചിട്ടില്ല. വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും കെഎം ഷാജി ആരോപിച്ചു.
കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെഎം ഷാജിയുടെ വീട് പൊളിക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. പ്ളാനിലെ അനുമതിയേക്കാൾ വിസ്‌തീർണം കൂട്ടിയാണ് വീട് നിർമ്മിച്ചതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു. ഇന്നലെയായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ നിർദ്ദേശപ്രകാരം ഷാജിയുടെ വീട് ഉദ്യോഗസ്‌ഥർ അളന്നത്. 3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽനിന്ന് അനുമതി എടുത്തത്. പക്ഷേ, വീടിന് 5500 ചതുരശ്രയടിയിലധികം വിസ്‌തീർണമുണ്ടെന്നാണ് അളവെടുപ്പിൽ വ്യക്‌തമായത്.
2016-ൽ പൂർത്തിയാക്കിയ പ്ളാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിർമ്മാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
Related News: കെഎം ഷാജിയുടെ വീട് പൊളിച്ചു മാറ്റാൻ കോർപ്പറേഷന്റെ നോട്ടീസ്