കൊച്ചി: എറണാകുളം ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബോട്ട്ലിങ് പ്ളാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി. മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
സമരത്തെ തുടർന്ന് മുടങ്ങിയ ആറ് ജില്ലകളിലെ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എൽപിജി സിലിണ്ടർ വിതരണം നിലച്ചിരുന്നു.
തൊഴിലാളികൾ സമരം പ്രഖ്യാപിച്ചതോടെ പാചകവാതക വിതരണത്തിനെത്തിയ 200ഓളം ലോറികളും കുടുങ്ങി. ഇതോടെയാണ് മാനേജ്‌മെന്റ് പ്രതിനിധികൾ തൊഴിലാളികളുമായി ചർച്ച നടത്താൻ തയ്യാറായത്, ചർച്ചയ്‌ക്ക് ശേഷം വൈകിട്ടോടെയാണ് ഒത്തുതീർപ്പിലെത്തിയത്. സിലിണ്ടർ വിതരണം ഉടൻ പുനരാരംഭിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.
Most Read| അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കില്ല; നടപടിയുമായി യുഎസ്