തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് ആക്ഷേപം ഉയർന്നതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്, പാർട്ടിയല്ലെന്നും കോടിയേരി പറഞ്ഞു.
കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി പറഞ്ഞു. വിജയലൻസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സർക്കാർ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കട്ടെയെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അജിത് കുമാർ വാട്സ് ആപ് കോൾ വിളിച്ച വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തുകയും ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് പകരം ചുമതല നല്കി. എന്നാൽ അജിത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
Most Read: മാസ്ക് നിർബന്ധം, രോഗികളുടെ വർധനവ് കോവിഡ് തരംഗമായി കാണാനാകില്ല; വിദഗ്ധ സമിതി







































