കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്‌ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.
ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെങ്കിലും എഴുതി നൽകാത്തതിനാൽ ജോലി ബഹിഷ്‌കരിച്ചു സമരം തുടരുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് 30 അംഗ ഡോക്‌ടർ സംഘം ചീഫ് സെക്രട്ടറി മനോജ് പന്തുമായുള്ള ചർച്ചക്കായി സെക്രട്ടറിയേറ്റിൽ എത്തിയത്. ആരോഗ്യ സെക്രട്ടറി എൻഎസ് നിഗത്തെ നീക്കണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്.
ചർച്ചക്ക് ശേഷം പുറത്തിറങ്ങിയ ജൂനിയർ ഡോക്‌ടർമാർ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചർച്ചയിൽ സമ്മതിച്ചത് പ്രകാരം വനിതാ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാർ രേഖയായി പുറത്തിറക്കിയെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. ചർച്ച ഭംഗിയായി അവസാനിച്ചെങ്കിലും അതിൽ അറിയിച്ച കാര്യങ്ങൾ രേഖാപൂർവം എഴുതി നൽകാൻ സർക്കാർ വിസമ്മതിച്ചു. സർക്കാരിന്റെ മനോഭാവത്തിൽ തങ്ങൾ ഏറെ നിരാശരാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്ക് കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചു ബംഗാളിൽ ജൂനിയർ ഡോക്‌ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിന് കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി