ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്‌ച കേസ് പരിഗണിക്കും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ഈ മാസം ഒമ്പതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സഞ്‌ജയ് റോയ് എന്നയാൾ പോലീസ് പിടിയിലായിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. വനിതാ ഡോക്‌ടർ ബലാൽസംഗത്തിന് ഇരയായ എമർജൻസി വാർഡ് സ്‌ഥിതി ചെയ്യുന്ന കെട്ടിടത്തിൽ സിബിഐ സിഡി ലേസർ മാപ്പിങ് നടത്തി.
മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്‌തു. അറസ്‌റ്റിലായ പ്രതി സഞ്‌ജയ് റോയിയെ അറിയില്ലെന്നാണ് ഇദ്ദേഹം മൊഴി നൽകിയത്. അതിനിടെ, പിജി ഡോക്‌ടറുടെ മൃതദേഹത്തിൽ 150 മില്ലിഗ്രാം ശുക്‌ളം കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു.
അതേസമയം, ഡോക്‌ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിന് മുന്നിൽ ഫുട്‌ബോൾ ആരാധകർ പ്രതിഷേധിച്ചു. സ്‌റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഇതോടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നത്തെ മൽസരങ്ങൾ റദ്ദാക്കി.
അതിനിടെ, കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിൽ ഓരോ രണ്ടു മണിക്കൂറിലും ക്രമസമാധാന നിലയെ കുറിച്ച് റിപ്പോർട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ രണ്ടു മണിക്കൂറിലും മെയിൽ, ഫാക്‌സ് അല്ലെങ്കിൽ വാട്‍സ് ആപ് വഴിയോ റിപ്പോർട് അയക്കാനാണ് എല്ലാ സംസ്‌ഥാന പോലീസ് സേനകൾക്കും നിർദ്ദേശം നൽകിയത്.
Most Read| കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്! ഞെട്ടലിൽ നാട്ടുകാർ