കൊല്ലം: വിദ്യാർഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. മൂന്നരലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്‌തികുളങ്ങര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. എംഡിഎംഎ കേസിൽ യുവതി നേരത്തെയും പ്രതിയാണ്. കർണാടകയിൽ നിന്ന് കൊല്ലം നഗരത്തിലെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് എംഡിഎംഎ. സ്വന്തം കാറിലാണ് യുവതി ലഹരി കടത്തിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. കൊല്ലം എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപം യുവതിയുടെ കാർ കാണപ്പെട്ടു.
പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ശക്‌തികുളങ്ങര പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് പോലീസ് വാഹനം തടഞ്ഞു. പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ