ന്യൂയോർക്ക്: ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും ചരിത്രമെഴുതി ഇന്ത്യ. വനിതാ റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം കൊനേരു ഹംപി കിരീടമണിഞ്ഞു. ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ച് 11ൽ 8.5 പോയിന്റ് നേടിയാണ് 37-കാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക കിരീടം ചൂടിയത്.
ഇതിന് മുൻപ് 2019ൽ മോസ്‌കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു. ചൈനയുടെ ജൂ വെൻജൂനിന് ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി. 2012ൽ മോസ്‌കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ചരിത്രവും കൊനേരു ഹംപിക്കുണ്ട്.
ഈ വിജയത്തിന്റെ തിളക്കം ഒട്ടും കുറയ്‌ക്കാതെയാണ് കൊനേരു 2019ൽ മോസ്‌കോയിൽ തന്നെ ലോക കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്. അന്ന് കിങ് സൽമാൻ ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ ചൈനയുടെ ലെയ് ടിങ്‌ജിയെ തോൽപ്പിച്ചാണ് കൊനേരു ഹംപി കിരീടം ചൂടിയത്.
ഉസ്‌ബെക്കിസ്‌ഥാനിലെ സമർകണ്ഡിൽ കഴിഞ്ഞവർഷം നടന്ന ചാംമ്പ്യൻഷിപ്പിൽ കൊനേരു ഹംപി വെള്ളി നേടിയിരുന്നു. അന്ന് ഫൈനൽ റൗണ്ടിൽ ടൈബ്രേക്കറിൽ റഷ്യയുടെ അനസ്‌താശിയ ബോഡ്‌നറുകിനോടാണ് ഹംപി തോറ്റത്. ലോക ചെസ് രംഗത്ത് ഈ വർഷം ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതായി കൊനേരു ഹംപിയുടെ കിരീടനേട്ടം.
ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക