കോട്ടയം: തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം.
രാവിലെ 8.45ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് രണ്ടുപേരെയും രക്‌തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടത്. പിന്നാലെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്.
വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്‌ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. വീട്ടിൽ മോഷണശ്രമം നടന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഫൊറൻസിക് വിഭാഗം ഉദ്യോഗസ്‌ഥർ സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്‌ഥാപനങ്ങളുടെയും ഉടമയാണ് വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ