കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞ സംഭവത്തിൽ, എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ. റവന്യൂ, വനം വകുപ്പുകൾ രാവിലെ പരിശോധന നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ചട്ടലംഘനം നടന്നതായി സൂചിപ്പിക്കുന്നത്.
ഫോറസ്‌റ്റ് കൺസർവേറ്റർ ആർ കീർത്തി, എഡിഎം മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന് പ്രാഥമിക റിപ്പോർട് സമർപ്പിച്ചത്. വിശദമായ റിപ്പോർട് വൈകിട്ട് സമർപ്പിക്കും. പടക്കം പൊട്ടിച്ച ശബ്‌ദം കേട്ടാണ് ആന വിരണ്ടതെന്ന് സ്‌ഥലം സന്ദർശിച്ച എകെ ശശീന്ദ്രൻ വ്യക്‌തമാക്കിയിരുന്നു.
അന്വേഷണ റിപ്പോർട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ നിബന്ധനകളും പാലിച്ചാണ് ഉൽസവം നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി അംഗം സി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. മാലപ്പടക്കമാണ് പൊട്ടിച്ചത്. ആളുകളെ കൃത്യമായി അകലം പാലിച്ചാണ് നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പടക്കം പൊട്ടിച്ചതുൾപ്പടെയുള്ള കാര്യങ്ങളിൽ വീഴ്‌ച ഉണ്ടായെന്നാണ് വനംവകുപ്പും പോലീസും നടത്തിയ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തൽ. ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി വീടുകളിലേക്ക് കൊണ്ടുപോയി. ദുഃഖസൂചകമായി കൊയിലാണ്ടിയിലെ ഒമ്പത് വാർഡുകളിൽ സർവകക്ഷി യോഗം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇന്നലെ ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായി ആളുകൾ ചിതറിയോടിയതോടെയാണ് അപകടമുണ്ടായത്.
കുറുവങ്ങാട് വട്ടാങ്കണ്ടി താഴെ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയിൽ രാജൻ (68) എന്നിവരാണ് മരിച്ചത്. 31 പേർക്കാണ് പരിക്കേറ്റത്. എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ചു ഓടി. ആനകൾ വരുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്