കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ വിധേയമായി ഫിസിയോ തെറാപ്പിസ്‌റ്റ് ബി മഹേന്ദ്രൻ നായരെ സസ്‌പെൻഡ് ചെയ്‌തത്.
ഇന്ന് രാവിലെയാണ് ആരോഗ്യ പ്രവർത്തകനെതിരെ വെള്ളയിൽ പോലീസിൽ പരാതി ലഭിച്ചത്. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽപ്പോയതായാണ് വിവരം.
ഒരുമാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. ബുധനാഴ്‌ച തെറാപ്പിക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിൽസയ്‌ക്കിടെ പീഡിപ്പിച്ചതായാണ് പരാതി ഉയർന്നത്. ആരോഗ്യ പ്രവർത്തകയായിരുന്നു പെൺകുട്ടിക്ക് സ്‌ഥിരമായി ചികിൽസ നടത്തിയിരുന്നത്. എന്നാൽ, ബുധനാഴ്‌ച എത്തിയപ്പോൾ ഇവർ മറ്റൊരാൾക്ക് ചികിൽസ നടത്തുകയായിരുന്നു. ഇതോടെ ജീവനക്കാരനാണ് അന്ന് ചികിൽസ നടത്തിയത്. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇന്നലെ വീണ്ടും പെൺകുട്ടി ചികിൽസയ്‌ക്ക് എത്തിയപ്പോൾ ആരോഗ്യ പ്രവർത്തകയെ വിരമറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസ് പരാതി നൽകുകയായിരുന്നു. പോലീസ് പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയായ ആരോഗ്യ പ്രവർത്തകൻ അടുത്ത കാലത്താണ് മറ്റൊരു ജില്ലയിൽ നിന്ന് ബീച്ച് ആശുപത്രിയിൽ എത്തിയത്.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം