കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നൽകിയ നോട്ടീസ് സ്റ്റേ ചെയ്തു. കെടിഡിഎഫ്സി നൽകിയ നോട്ടീസാണ് കോഴിക്കോട് മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ ഇന്ന് കടകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കടയുടമകൾക്ക് കെടിഡിഎഫ്സി നോട്ടീസ് നൽകിയത്. ഈ മാസം 26ന് ആണ് കടയുടമകൾക്ക് നോട്ടീസ് നൽകിയത്.
കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, മതിയായ സമയം നൽകാതെയും പുനഃപ്രവേശനം നോട്ടീസ് ഉറപ്പ് വരുത്തുന്നില്ലെന്നും കാണിച്ച് കടയുടമകൾ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നോട്ടീസ് സ്റ്റേ ചെയ്തു. സമുച്ചയത്തിന്റെ നടത്തിപ്പിന് ആലിഫ് ബിൽഡേഴ്സ് കരാർ എടുക്കുന്നതിന് മുന്നേ തന്നെ കെട്ടിടത്തിനുള്ളിൽ ഭക്ഷണ സാധനങ്ങൽ വിൽക്കുന്ന കടകൾ നടത്തി വരുന്നവർക്കാണ് നോട്ടീസ് നൽകിയിരുന്നത്.
അതേസമയം, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞാൽ ഇവർക്ക് ഇതേ സ്ഥലത്ത് വ്യാപാരം പുനരാരംഭിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നോട്ടീസിൽ പറഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കടയുടമകൾ കോടതിയെ സമീപിച്ചത്. അതേസമയം, ബലപ്പെടുത്തുന്നതിനായി കെട്ടിടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സ്റ്റേ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും കെടിഡിഎഫ്സി അറിയിച്ചു.
Most Read: രാജ്യസഭാ സീറ്റ്; കോൺഗ്രസ് മൽസരിക്കുമെന്ന് കെ സുധാകരൻ







































