കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത് ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്‌തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിൻമാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ, ചേവായൂർ തിരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
5000ത്തോളം കള്ളവോട്ട് സിപിഎം ചെയ്‌തു. 10,000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറയുന്നു. പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിതാ വോട്ടർമാരെ കയ്യേറ്റം ചെയ്‌തു.
വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ നാല് മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമാണ് വന്നത്. കൂടുതൽ പോലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും നേതാക്കൾ പറഞ്ഞു. പോലീസ് ആൻഡ് സഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക് ലഭിച്ചു. 11 സീറ്റുകളിലേക്കായിരുന്നു മൽസരം. മുഴുവൻ സീറ്റുകളിലും വിമത മുന്നണി വിജയിച്ചു. വിജയിച്ചവരിൽ ഏഴ് പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മൽസരിച്ചത്.
ബൂത്ത് നമ്പർ 21,22,23 എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണിയില്ല. ഹൈക്കോടതി നിർദ്ദേശമുള്ളതിനാലാണ് ഇത് എണ്ണാതെ മാറ്റിവെച്ചത്. നിലവിലെ ബാങ്ക് പ്രസിഡണ്ട് ജിസി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയുടെ പാനൽ, കോൺഗ്രസ് പാനൽ, എട്ട് ബിജെപി സ്‌ഥാനാർഥികൾ, ഒരു സ്വതന്ത്രൻ എന്നിങ്ങനെ 31 പേർ മൽസര രംഗത്തുണ്ടായിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’