കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാത യഥാർഥ്യത്തിലേക്ക്. വയനാട് തുരങ്കപാതാ നിർമാണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഒന്നാംഘട്ട അനുമതി നൽകി.
പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം, 17.263 ഹെക്ടർ ഭൂമിയിൽ മരം വെച്ചുപിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് വിവരങ്ങൾ സമർപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. അഞ്ചു വർഷമാണ് ഈ നടപടികൾ പൂർത്തിയാക്കാനുള്ള കാലാവധി. മരം നടാനുള്ള ഭൂമി കണ്ടെത്തുന്നതിനായി ഏറെ ചർച്ചകൾ നടന്നിരുന്നു.
വയനാട് ജില്ലയിലെ നാല് വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമായിരുന്നു ആദ്യം ലഭിച്ചിരുന്നത്. സൗത്ത് വയനാട് ഡിവിഷനിൽപ്പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മണൽവയൽ, മാടപ്പറമ്പ് എന്നീ ഭാഗങ്ങളാണിവ. ഇതിന് പുറമെ, കുറിച്ചിപ്പട്ട തെക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങൾ വെട്ടിമാറ്റിയാൽ 10.6 ഹെക്ടർ ഭൂമിയിൽ കൂടി മരം വെച്ചുപിടിപ്പിക്കാൻ സാധിക്കുമെന്ന് സൗത്ത് വയനാട് ഡിവിഷന് ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി.
എന്താണ് വയനാട് തുരങ്കപാതാ പദ്ധതി
താമരശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ‘നൂറ് ദിവസം നൂറ് പദ്ധതികള്‍’ എന്ന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയ തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ സെപ്തംബറിൽ പദ്ധതിയുടെ സർവേ നടപടികളും ആരംഭിച്ചിരുന്നു.
2021ൽ ആണ് തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയത്. 2022ൽ ആണ് ആദ്യഘട്ട നിർമാണത്തിനായി 685 കോടി രൂപ കിഫ്ബി മുഖേന സർക്കാർ അനുവദിച്ചിരുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്ട തുരങ്കപാത. തുരങ്കം തുടങ്ങുന്ന തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്ടർ ഭൂമിയും തുരങ്കം അവസാനിക്കുന്ന മേപ്പാടി, കോട്ടപ്പടി വില്ലേജുകളിലെ 4.82 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക.
മറിപ്പുഴയിൽ പാലം, നാലുവരി അപ്രോച്ച് റോഡ് എന്നിവ നിർമിക്കാനാണ് സ്ഥലം ഏറ്റെടുക്കൽ. കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർക്കാണ് സ്ഥലം ഏറ്റെടുക്കൽ ചുമതല. 8.735 കിലോമീറ്റർ ദൂരത്തിലുള്ള തുരങ്കപാതാ പദ്ധതിക്ക് കണക്കാക്കുന്ന ചിലവ് 2134 കോടി രൂപയാണ്. ഇതിൽ 14.995 ഹെക്ടർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 34.30 ഹെക്ടറാണ് വനഭൂമി. 10 ഹെക്ടർ ഭൂമി മാലിന്യ നിർമാർജനത്തിന് വേണ്ടിയുള്ളതാണ്. 0.21 ഹെക്ടർ വനഭൂമിയാണ് അനുബന്ധ റോഡുകൾക്കായി വേണ്ടത്.
തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് നിന്നും വയനാട്ടിലേക്കും അവിടെ നിന്ന് ബെംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. ഇത് വഴി ഇവിടുത്തെ ടൂറിസം മേഖലയിലും തുരങ്കപാത കൂടുതല്‍ സാധ്യതകള്‍ തുറക്കും.
വിവാദവും ചർച്ചകളും
വയനാട് തുരങ്കപാതയുടെ ഔദ്യോഗിക പ്രഖ്യാപനം സർക്കാർ പുറപ്പെടുവിച്ചത് മുതൽ, വിഷയം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശം വഴിയുള്ള ഭീമൻ പദ്ധതി പാരിസ്ഥിതികാഘാത പഠനം നടത്താതെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി തേടാതെയും സർക്കാർ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു എന്നായിരുന്നു ആക്ഷേപം.
2019ലെ പ്രളയകാലത്ത് ഭീകരമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട് ചെയ്ത കവളപ്പാറ, പൂത്തുമല, മുണ്ടകൈ, പാതാർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലാണ് തുരങ്കപാതക്കായി മല തുരക്കേണ്ടി വരുന്നത് കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിൽ എത്തിക്കുമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. പദ്ധതി യാഥാർഥ്യമായാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ജലലഭ്യത, കാർഷിക പ്രവർത്തനങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കൾ ആരോപിച്ചിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് വ്യത്യസ്ത ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളെ ഏത് വിധത്തിൽ ബന്ധപ്പെടുത്തുന്നുവെന്ന കാര്യം പഠിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മേപ്പാടി പ്രദേശം നിലകൊള്ളുന്നത് സമുദ്രനിരപ്പിൽ നിന്ന് 874 മീറ്റർ ഉയരത്തിലാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ കള്ളാടി പ്രദേശമാകട്ടെ സമുദ്രനിരപ്പിൽ നിന്ന് 52 മീറ്റർ ഉയരത്തിലുമാണ്. ഈ രണ്ടു പ്രദേശങ്ങളെയും തുരങ്കപാതാ നിർമാണത്തിൽ ഏത് വിധത്തിൽ ബന്ധപ്പെടുത്തും എന്നതിനെയാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ചോദ്യം ചെയ്യുന്നത്.
പദ്ധതിക്ക് നിലവിൽ കേന്ദ്ര വനം മന്ത്രാലയം അനുമതി നൽകിയ പശ്ചാത്തലത്തിൽ, പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പശ്ചിമഘട്ട സംരക്ഷണ സമിതി. പദ്ധതിക്കായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത് സംബന്ധിച്ചു നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.
Most Read: ഇന്ന് താപസൂചിക കുത്തനെ ഉയരും; 58 ഡിഗ്രിവരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്