കീവ്: റഷ്യയുമായി യുദ്ധം തുടരണമെങ്കിൽ അടുത്തവർഷം 12000 കോടി ഡോളർ (ഏകദേശം പത്തുലക്ഷം കോടി രൂപയോളം) എങ്കിലും കുറഞ്ഞത് വേണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഡെനിസ് ഷ്‌മൈഗൾ. റഷ്യയുമായുള്ള യുദ്ധത്തിൽ സൈന്യത്തെ നിലനിർത്താൻ അത്രയും പണം ആവശ്യമാണെന്നും യുദ്ധം അവസാനിപ്പിച്ചാലും അത്രത്തോളം വേണ്ടിവരുമെന്നും ഷ്‌മൈഗൾ പറഞ്ഞു.
രാജ്യത്തിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും പ്രതിരോധ ചിലവുകൾക്കായാണ് വിനിയോഗിക്കുന്നത്. കൂടാതെ, പാശ്‌ചാത്യ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ സാമ്പത്തിക സഹായവും ചേർന്നാണ് യുക്രൈന്റെ സമ്പദ്‌വ്യവസ്‌ഥയെ ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടതൽ വിഭവങ്ങളും സമ്പത്തുമുള്ള റഷ്യ യുദ്ധക്കളത്തിൽ അവ വിനിയോഗിക്കുന്നത് തുടർന്നാൽ ഇനിയും കൂടുതൽ ഭൂമി യുക്രൈന് നഷ്‌ടപ്പെടുമെന്ന് ഷ്‌മൈഗൾ വ്യക്‌തമാക്കി.
യുദ്ധം തുടരുകയാണെങ്കിൽ അടുത്തവർഷം കുറഞ്ഞത് 12000 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിച്ചാലും സൈന്യത്തെ സജ്‌ജരാക്കി നിർത്താനും റഷ്യയിൽ നിന്നുള്ള ഭാവി ആക്രമണങ്ങളെ പ്രതിരോധിക്കാനും അത്രത്തോളം തന്നെ ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മൂന്നരവർഷമായി തുടരുന്ന യുദ്ധത്തെ തുടർന്ന് യുക്രൈൻ ജനത ഗണ്യമായ നികുതി ഭാരമാണ് വഹിക്കുന്നത്. യുദ്ധചിലവുകൾ കണ്ടെത്താൻ പാശ്‌ചാത്യ രാജ്യങ്ങളിലുള്ള റഷ്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തങ്ങളുടെ ആസ്‌തികൾ കണ്ടുകെട്ടുന്നത് മോഷണമായി കണക്കാക്കി നടപടിയെടുക്കണമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം