ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴനിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
കേസിൽ രണ്ടുമുതൽ ആറുവരെ പ്രതികളായ വിഷ്‌ണു, അഭിമന്യൂ, സാനന്ദ്, അതുൽ, ധനേഷ് എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കുറ്റപത്രത്തിൽ പറയുന്ന അഞ്ച് പ്രതികളുടെയും ജാമ്യം ഡിസംബർ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 17ന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്കായി വാറന്റ് പുറപ്പെടുവിച്ചു.
പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരുവർഷം മുമ്പാണ് വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
2022 ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിന് സമീപം നടുറോഡിൽ എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ