കോട്ടയം: ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ നിരത്തുകളിൽ പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു. പുതിയ രൂപത്തിലുള്ള ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നാണ് വിവരം. നാളിതുവരെ കണ്ട കെഎസ്ആർടിസികളുടെ ഡിസൈനിൽ നിന്ന് വേറിട്ട രൂപത്തിലാണ് പുതിയ ബസുകളുടെ നിർമാണം. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.
ടാറ്റായുടെ ഷാസിയിൽ എസിജിഎൽ ആണ് ഇപ്പോൾ പുറത്തിറങ്ങുന്ന കെഎസ്ആർടിസി ബസുകൾക്ക് ബോഡി നിർമിച്ചത്. ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർഫാസ്‌റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുള്ള ബസുകളാണ് എത്തി തുടങ്ങിയിരിക്കുന്നത്. രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈൻ ഒരുപോലെ ആണെങ്കിലും ഇവയുടെ മുന്നിലെ നിറത്തിൽ വ്യത്യാസമുണ്ട്.
ആദ്യ ബാച്ചിലെ 80 ബസുകളിൽ 60 സൂപ്പർ ഫാസ്‌റ്റും 20 ഫാസ്‌റ്റ് പാസഞ്ചറുമാണുള്ളത്. ഇവയെല്ലാം നിർമിക്കുന്നത് ടാറ്റ ആയിരിക്കും. പ്രീമിയം ബസുകൾക്കാണ് അശോക് ലൈൻലാൻഡിന് ഓർഡർ നൽകിയത്. എട്ട് സ്ളീപ്പറുകൾ, പത്ത് എസി സ്ളീപ്പർ കം സീറ്ററുകൾ, എട്ട് എസി സെമി സ്ളീപ്പറുകൾ എന്നിവയാണ് ഇത്. ഓർഡിനറി സർവീസ് നടത്തുന്നതിനായി ഒമ്പത് മീറ്റർ നീളമുള്ള ബസുകൾ ഉൾപ്പടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്.
ഗോവയിലാണ് ബസിന്റെ ബോഡി നിർമിച്ചത് വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇതേ മാതൃകയിലുള്ള കൂടുതൽ ബസുകൾ കേരളത്തിലേക്ക് എത്തും. പുതിയ ബസുകൾ വാങ്ങുന്നതിനായി സംസ്‌ഥാന സർക്കാർ 107 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുകയിൽ നിന്ന് ബസുകൾക്കുള്ള അഡ്വാൻസ് തുകയായി 22.9 കോടി രൂപ കമ്പനികൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലയളവിൽ ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നൽകിയിരുന്നത്. 2018ൽ 100 ഡീസൽ ബസുകൾ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. സംസ്‌ഥാനത്തേക്കെത്തിയ ബസുകൾ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഓടിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി