കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നിൽ കെഎസ്‌ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് പള്ളിയ്‌ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഒരാൾ പൊക്കത്തോളം വെള്ളം ഇവിടെ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്.
ബസിൽ ഉണ്ടായിരുന്നവർക്ക് അപകടമില്ല. പ്രദേശവാസികൾ ചേർന്ന് യാത്രക്കാരെയടക്കം പുറത്തെത്തിച്ചു. പ്രളയ സമാനമായ സാഹചര്യമാണ് പ്രദേശത്തുള്ളതെന്ന് ആളുകൾ പറയുന്നു. ജില്ലയിലെ കിഴക്കൻ മേഖലയിൽ മഴ ശക്‌തി പ്രാപിക്കുകയാണ്. ഒട്ടുമിക്ക സ്‌ഥലങ്ങളും ഒറ്റപ്പെട്ട അവസ്‌ഥയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ കളക്‌ടർ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോട്ടയം അടക്കം അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലാണ് റെഡ് അലർട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിൽ ചെറിയ മേഘവിസ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലകളിലെ പലയിടങ്ങളിലും റോഡുകൾ വെള്ളക്കെട്ടിന് അടിയിലാണ്. ഗതാഗത തടസവും രൂക്ഷമാണ്.
Also Read: നികുതി വെട്ടിപ്പ്; നേമം സോണൽ ഓഫിസ് കാഷ്യർ അറസ്‌റ്റിൽ