തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക് ആരംഭിക്കും. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ആണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ഒപ്പം സിഐടിയു, ബിഎംഎസ് എന്നീ യൂണിയനുകൾ നാളെ സൂചനാ പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് അർധരാത്രിക്ക് ആരംഭിക്കുന്ന പണിമുടക്ക് ശനിയാഴ്‌ച അർധരാത്രിയിലാണ് അവസാനിക്കുക. ശമ്പള സ്‌കെയിൽ സംബന്ധിച്ച് യൂണിയനുകൾ മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളുന്നില്ലെന്നും പക്ഷേ മുഖ്യമന്ത്രിയുമായും, ധനമന്ത്രിയുമായും കൂടിയാലോചിക്കാൻ സമയം വേണമെന്നുമാണ് മന്ത്രി ആദ്യം നിലപാട് വ്യക്‌തമാക്കിയത്.
എന്നാൽ കഴിഞ്ഞ 20നാണ് പണിമുടക്ക് നോട്ടീസ് നൽകിയതെന്നും, 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നുമാണ് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം മന്ത്രി തള്ളിയതോടെയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ശമ്പള സ്‌കെയിൽ അംഗീകരിച്ചാൽ മാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് മന്ത്രി വ്യക്‌തമാക്കുന്നത്.
Read also: കേരളത്തിൽ പെട്രോളിന് ആറര രൂപ കുറഞ്ഞു; ഡീസൽ വിലയിലും കുറവ്







































