കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നിൽ രാസവസ്‌തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മൽസ്യക്കുരുതിക്ക് കാരണമായതെന്നാണ് കണ്ടെത്തൽ.
ഇതേക്കുറിച്ചു അന്വേഷിച്ച കേരള മൽസ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത്. പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്‌ഥാപനങ്ങളിൽ നിന്ന് രാസമാലിന്യങ്ങൾ ഒഴുകിയതാവാം ദുരന്തത്തിന് കാരണമെന്നാണ് സൂചനകൾ.
അതേസമയം, പാതാളം ബണ്ട് തുറന്നതിന് പിന്നാലെ വെള്ളത്തിൽ അടിഞ്ഞ മാലിന്യങ്ങൾ താഴേക്ക് ഒഴുകുകയും ഇതുമൂലം വെള്ളത്തിലെ ഓക്‌സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മൽസ്യക്കുരുതിക്ക് കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്.
ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസ്‌താവനയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു. 13.5 കോടി രൂപയുടെ നഷ്‌ടമാണ് മൽസ്യക്കുരുതി മൂലം ഉണ്ടായത്. മീനുകൾ ചത്ത് പൊങ്ങിയതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യവസായ ശാലകളിൽ പരിശോധന നടത്തിയിരുന്നു.
Most Read| മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി