കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്‌ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പോലും ഇല്ലന്ന് സ്‌ഥലം സന്ദര്‍ശിച്ച ശേഷം കമ്മീഷൻ കുറ്റപ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടത്.
സ്‌ഥാപനത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സര്‍ക്കാരിന് നേരത്തെ റിപ്പോർട് നല്‍കിയിരുന്നെന്നും കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ മഹാരാഷ്‌ട്ര സ്വദേശിനി ജിയറാം ജിലോട്ട് (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ചയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുറത്തുവന്ന പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചത്.
ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്‌ചയുണ്ടായോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട് ഉടന്‍ സമര്‍പ്പിക്കും.
Most Read: അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി






































