കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ ലഭിക്കുന്നതിനനുസരിച്ച് ഇതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്ത് ലഭിക്കുന്ന വാക്‌സിന്റെ ആദ്യ ഡോസുകളില്‍ സ്വദേശികള്‍ക്ക് പരിഗണന നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്.
വാക്‌സിന്‍ മുന്‍ഗണന ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ള ആളുകള്‍, ഗുരുതരമായി രോഗം ബാധിച്ച ആളുകള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്ന തീരുമാനമാണ് നിലവില്‍ എടുത്തിട്ടുള്ളത്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആരെയും വാക്‌സിന്‍ സ്വീകരിക്കാനായി നിര്‍ബന്ധിക്കില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്.
പരിശോധനകള്‍ നടത്തി അംഗീകാരം നേടുന്ന വാക്‌സിനുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുകയുളളൂ എന്നും അധികൃതര്‍ അറിയിച്ചു. ക്‌ളിനിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയ വാക്‌സിനുകള്‍ ആഗോള, തദ്ദേശീയ അംഗീകാരം നേടണം. നിലവില്‍ ഡിസംബര്‍ അവസാനമാകുന്നതോടെ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
Read also : ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകൾ പ്രവർത്തനം പുനരാരംഭിക്കുന്നു







































