കോട്ടയം: പ്രിയ നേതാവിന് അന്തോമോപചാരം അർപ്പിക്കാൻ തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തി ജനസാഗരം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോബോബൻ, രമേശ് പിഷാരടി തുടങ്ങിയ സിനിമാ താരങ്ങളും മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ് എന്നിവരും തിരുനക്കരയിലെത്തി.
തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്ക് ശേഷം ആരംഭിച്ച വിലാപയാത്ര, 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. കോട്ടയം ഡിസിസി ഓഫീസിൽ വിലാപയാത്ര എത്തിയപ്പോൾ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗിരി മാറിക്കഴിഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽ നിന്ന് അൽപ്പസമയത്തിനകം പുതുപ്പള്ളിയിലേക്ക് നീങ്ങിത്തുടങ്ങും. പുതുപ്പള്ളിയിലെ കുടുംബ വീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വെക്കും. ശേഷം രാത്രി ഏഴരയോടെ മൃതദേഹം സംസ്കരിക്കും. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ആണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
അതിനിടെ, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അൽപ്പസമയത്തിനകം പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.
Most Read: ‘മണിപ്പൂരിൽ കേന്ദ്രം ഇടപെട്ടില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടിവരും’; സുപ്രീം കോടതി







































