വയനാട്: ആയിരംകൊല്ലിയിൽ ടൂറിസ്റ്റ് ഹോമിനുവേണ്ടി അടിത്തറ പണിയുന്നതിന് മണ്ണെടുക്കുന്നതിൽ പരാതിയുമായി നാട്ടുകാർ. അശാസ്ത്രീയമായ മണ്ണെടുപ്പാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കെട്ടിടത്തിനായി മണ്ണെടുത്തതിന്റെ അരികിലുളള നാല് കുടുംബങ്ങൾ ഭയത്തിലാണ് കഴിയുന്നത്. കണിയാർക്കോട് ചന്ദ്രൻ, മണി, വട്ടേക്കാട്ടിൽ വിജയൻ, തത്തോത്തുമ്മൽ ലാലിച്ചൻ എന്നിവരുടെ വീടുകളാണ് മണ്ണെടുത്തതോടെ അപകട മുനമ്പിലായത്. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീടുകൾ എന്ന് ഇവർ പറഞ്ഞു.
മണ്ണെടുത്ത് മാറ്റിയതിനെത്തുടർന്ന് വീട് അപകടാവസ്ഥയിൽ ആയതോടെ ഇവർ വ്യാഴാഴ്ച അമ്പലവയൽ വില്ലേജ് ഓഫീസിൽ പരാതിപ്പെട്ടിരുന്നു. അന്നേദിവസം വൈകിട്ടോടെ വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തിയെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നു വീട്ടുകാർ ആരോപിച്ചു.
റവന്യൂ, ജിയോളജിക്കൽ വകുപ്പ് എന്നിവ വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെയാണ് മണ്ണു നീക്കാൻ അനുമതി നൽകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടാവസ്ഥയിൽ ആയാലും നടപടിയെടുക്കാൻ മടിക്കുകയാണ്. ഇതെല്ലാം യഥേഷ്ടം മണ്ണെടുക്കുന്നതിന് സഹായമാവുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഇവിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചിരുന്നു. വെള്ളിയാഴ്ച ടൂറിസ്റ്റ് ഹോമിനുവേണ്ടി അടിത്തറ പണിയുന്നതിനിടെയാണ് അപകടമുണ്ടായത്. തൊഴിലാളിയായ അമ്പലവയൽ താറ്റിയാട് മുള്ളൂർക്കൊല്ലി രാധാകൃഷ്ണൻ (53) ആണ് മരിച്ചത്.
വലിയ മൺതിട്ട അടർത്തി നിരപ്പാക്കിയാണ് പണി നടന്നു കൊണ്ടിരുന്നത്. വീടുകളോട് ചേർന്നുള്ള മൺതിട്ടക്കരികിൽ സുരക്ഷാഭിത്തി നിർമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടിത്തറക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ബത്തേരിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി അരമണിക്കൂർ പരിശ്രമിച്ചാണ് രാധാകൃഷ്ണനെ പുറത്തെടുത്തത്. ഉടനെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശാസ്ത്രീയമായ മണ്ണെടുപ്പാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
Malabar News: മടക്കരയിലെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു







































