കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം നൽകി. റൺവേയിലെ റബ്ബർ ഡിപ്പോസിറ്റ് നീക്കം ചെയ്യാനും ഘർഷണം വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും മറ്റ് ചെറിയ ക്രമീകരങ്ങൾ നടത്താനുമാണ് കരിപ്പൂർ വിമാനത്താവളത്തിന് നൽകിയിരിക്കുന്ന നിർദേശം.
കഴിഞ്ഞ നവംബറിലാണ് ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതി പരിശോധന പൂർത്തിയാക്കിയത്. ഡിജിസിഎ ചെന്നൈ റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഓഗസ്‌റ്റ് 7നു ‘സി’ കാറ്റഗറിയിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടതിനു പിന്നാലെയാണ് വലിയ വിമാനങ്ങൾക്കു കരിപ്പൂർ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ നിയന്ത്രണം പിൻവലിക്കണമെന്നു ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടു. ഇതിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ ഡിജിസിഎ യോഗം ചേർന്ന്, കാര്യങ്ങൾ വിശദമായി പഠിക്കാൻ സമിതിയെ നിയോഗിക്കുകയായിരുന്നു.
വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞാൽ കോഴിക്കോടിന് നഷ്‌ടമായ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ ജംബോ സർവീസ് തുടങ്ങിയവ കരിപ്പൂരിലേക്ക് മടങ്ങിയെത്തിയേക്കും.
Malabar News: നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം