തിരുവനന്തപുരം: യുവ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ പോലീസ് കസ്‌റ്റഡിയിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെയാണ് തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റഡിയിൽ എടുത്തതെന്നാണ് വിവരം. ബെയ്‌ലിൻ ദാസ് കാറിൽ സഞ്ചരിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം. പ്രതിക്കായി പോലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയായ പാറശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ജെവി. ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദ്ദിച്ചത്. മോപ് സ്‌റ്റിക് കൊണ്ടായിരുന്നു മർദ്ദനം. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽ വെച്ചായിരുന്നു സംഭവം.
ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്‌തപ്പോഴാണ് സീനിയർ അഭിഭാഷകൻ മർദ്ദിച്ചതെന്ന് ശ്യാമിലി പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ശ്യാമിലിയെ ബെയ്‌ലിൻ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്‌ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ശ്യാമിലി ജോലിയിൽ തിരിച്ചെത്തി.
ഇതിന് ശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ബെയ്‌ലിൻ ദാസിനോട് ശ്യാമിലി ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ അഭിഭാഷകൻ തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. മോപ് സ്‌റ്റിക് കൊണ്ട് മുഖത്തടിച്ചുവെന്നാണ് യുവതി പറയുന്നത്.
ശ്യാമിലി വലിയതുറ കോസ്‌റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തി ചികിൽസ തേടിയിരുന്നു. യുവതിയുടെ മുഖത്ത് ക്രൂരമർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ബെയ്‌ലിൻ ദാസ് ഇന്ന് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് അറസ്‌റ്റ്.
സംഭവ ദിവസം ബെയ്‌ലിൻ ദാസിനെ കസ്‌റ്റഡിയിൽ എടുക്കാനെത്തിയ പോലീസിനെ ബാർ അസോസിയേഷൻ ഭാരവാഹികൾ തടഞ്ഞിരുന്നതായി ശ്യാമിലി പ്രതികരിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രതിക്ക് സംരക്ഷണമൊരുക്കിയ പലരും സംഭവം വിവാദമായതോടെ പിൻവാങ്ങുകയായിരുന്നു. ഇതിനിടെ ബെയ്‌ലിൻ ദാസിന്റെ രാഷ്‌ട്രീയത്തെ ചൊല്ലിയും ഇടതു-വലതു പാർട്ടികൾ തമ്മിൽ ആരോപണമുയർന്നിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു സ്‌ഥാനാർഥിയായി മൽസരിച്ചതിനാൽ സിപിഎമ്മാണ് ബെയ്‌ലിൻ ദാസിനെ സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, ഇയാൾ കോൺഗ്രസിലേക്ക് മടങ്ങിപ്പോയെന്നും യുഡിഎഫാണ് സംരക്ഷിക്കുന്നതെന്നും സിപിഎമ്മും ആരോപിച്ചു. ഇത്തരത്തിൽ രാഷ്‌ട്രീയ വിവാദം കത്തുന്നതിനിടെയാണ് ബെയ്‌ലിൻ ദാസ് പിടിയിലാകുന്നത്. മർദ്ദനമേറ്റ ശ്യാമിലിയെ സിടി സ്‌കാനിങ്ങിനുൾപ്പടെ വിധേയമാക്കിയിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ