കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കാഞ്ഞങ്ങാട് നഗരസഭയിലെ 41ആം വാർഡിലാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സഘർഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച് ശിവദത്ത് (63), യുഡിഎഫ് സ്ഥാനാർഥി എച്ച് റഷീദ് (41) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് കൊവ്വൽ എകെജി ക്ളബിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഫ്ളക്സ് സ്ഥാപിക്കാൻ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എച്ച് റഷീദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. ഈ സ്ഥലത്ത് പ്രചാരണം നടത്താൻ നേരത്തെ തന്നെ എൽഡിഎഫ് അനുവാദം വാങ്ങിയിരുന്നു.
എന്നാൽ തിങ്കളാഴ്ച രാത്രി 9.30 ഓടെ ഈ സ്ഥലത്ത് ഫ്ളക്സ് സ്ഥാപിക്കാനായി റഷീദും സംഘവും എത്തി. ഈ വിവരമറിഞ്ഞു സ്ഥലത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി ശിവദത്തും പ്രവർത്തകരും ഈ നീക്കം തടഞ്ഞു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.
റഷീദിന്റെ പരാതിയിൽ ശിവദത്ത്, സിപിഎം പ്രവർത്തകരായ മനു, ജിത്തു, അനിൽ, കിഷോർ, ഉണ്ണിക്കുട്ടൻ, വേണു തുടങ്ങി കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, റഷീദിന്റെ നേതൃത്വത്തിലുള്ള ഫവാസ്, നിയാസ്, അഷറഫ്, ഫായിസ്, ഉബൈദ്, ഷഫീക്ക്, ഇബ്രാഹിം എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ശിവദത്ത് പറഞ്ഞു.
Malabar News: അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്കൂളിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി







































