കാസർഗോഡ്: നഗരപരിധിയിൽ ജല അതോറിറ്റിയുടെ കുടിവെള്ളക്കുഴലുകൾ പൊട്ടിയൊലിക്കുന്നത് പതിവാകുന്നു. കാസർഗോഡ് അമേയ് റോഡിലെ കുടിവെള്ളക്കുഴൽ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് 72 ദിവസം പിന്നിട്ടു. 72 ദിവസം കൊണ്ട് അമേയ് റോഡിലെ ചോർച്ചയിൽ നിന്ന് ഒരുലക്ഷം ലിറ്ററിൽ കൂടുതൽ കുടിവെള്ളമാണ് നഷ്‌ടമായത്. അമേയ് കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയൊലിക്കുന്നത്.
വൈകിട്ട് ആറുമുതൽ രാത്രി 11 മണിവരെയാണ് കുടിവെള്ള വിതരണം. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് കോളനിയിലേക്ക് വെള്ളം തുറക്കുന്നത്. എങ്കിലും കുഴലിൽ വെള്ളം നിറയുന്നതിനായി സംഭരണിയിൽ നിന്ന് ജലം മണിക്കൂറുകൾക്ക് മുമ്പേ തുറന്നുവിടാറുണ്ട്. അതിനാൽ വിതരണ സമയം അല്ലാത്തപ്പോൾ പോലും ചോർച്ചയുടെ കുടിവെള്ളം പാഴായിപ്പോകുന്നുണ്ട്. ഒരുദിവസം അഞ്ചുമണിക്കൂറോളം ജലം പഴകുമ്പോൾ ഏകദേശം 1500 ലിറ്ററിലധികം ജലം നഷ്‌ടമാക്കുന്നുണ്ട്.
72 ദിവസം പിന്നിടുമ്പോൾ അമേയ് റോഡിലെ ചോർച്ചയിൽ നിന്ന് മാത്രം ഒരു ലക്ഷം ലിറ്ററിൽ കൂടുതൽ കുടിവെള്ളം പാഴായിപോകുന്നുണ്ട്. ഇത്തരത്തിൽ ബാവിക്കര പമ്പ് ഹൗസ് മുതൽ ജലഅതോറിറ്റി പരിധിയിൽ വരുന്ന നിരവധി കുടിവെള്ള ചോർച്ചകൾ വഴി ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. വേനൽക്കാലത്ത് ജലവകുപ്പിന്റെ പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്നവരാണ് കാസർഗോഡ് നിവാസികൾ അധികവും. കുടിവെള്ളക്ഷാമം നേരിടാനുള്ള ജലം പാഴാക്കാതെ ഇരിക്കാൻ അധികൃതർ മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: കേരളത്തിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം; പോലീസിന് വീഴ്‌ചയില്ലെന്ന് എഎ റഹീം






































