മലപ്പുറം: അടിയന്തരാവസ്‌ഥ കാലത്ത് ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ വിശദീകരണവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥിയും സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്നും ജനതാ പാർട്ടിക്ക് അന്ന് വർഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
”ആർഎസ്എസുമായല്ല ജനതാ പാർട്ടിയുമായാണ് അന്ന് ഇടതുപക്ഷം സഹകരിച്ചത്. പിന്നീട് ആർഎസ്എസ് ജനതാ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമർശനം ഉണ്ടായി. 1984ലെ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനതാ പാർട്ടി വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോൾ പലയിടങ്ങളിൽ നിന്നും ചോദ്യമുയർന്നു. അന്ന് ഇഎംഎസ് ആണ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്.
ആ ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസാണ്. ഒ രാജഗോപാൽ കാസർഗോഡ് കോൺഗ്രസ് പിന്തുണയോടെ മൽസരിച്ചു. ഇഎംഎസ് സർക്കാരിനെ പുറത്താക്കാനുള്ള സമരത്തിലും അന്ന് ആർഎസ്എസ് പിന്തുണ നൽകി. പട്ടാമ്പിയിൽ ഇഎംഎസിനെ തോൽപ്പിക്കാൻ ആർഎസ്എസ്-കോൺഗ്രസ് പൊതു സ്‌ഥാനാർഥിയെ നിർത്തി. ഇതെല്ലാം ചരിത്രമാണ്. അത് ആർക്കും ഖണ്ഡിക്കാനാവില്ല”- എം സ്വരാജ് വ്യക്‌തമാക്കി.
ചരിത്രത്തിന് ഒരു മുഖമേയുള്ളൂ. അത് സത്യത്തിന്റെ മുഖമാണ്. അതിൽ ഒരു അവ്യക്‌തതയുമില്ല. മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് പറയാനാകില്ല. മാഷ് ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ. ചോദ്യത്തിന്റെ ദുഷ്‌ടലാക്ക് മനസിലാക്കി തിരിച്ച് പറഞ്ഞോ. അത് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ പറ്റൂ. അവ്യക്‌തത ഉണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം വിശദീകരിക്കും.
ഏതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊമ്പൻ നിലപാട് സ്വീകരിക്കുന്നവരല്ല ഞങ്ങൾ. തിരഞ്ഞെടുപ്പ് ആയാലും യുദ്ധമായാലും ഞങ്ങൾക്ക് ഒരു നിലപാട് ഉണ്ട്. അത് മതനിരപേക്ഷ നിലപാടാണ്. അത് വർഗീയ ശക്‌തികളുമായി നീക്കുപോക്കുണ്ടാക്കുന്ന നിലപാട് അല്ല. മതനിരപേക്ഷ നിലപാട് ഉയർത്തിപിടിച്ചാണ് എല്ലാ കാലത്തും ഇടതുപക്ഷം മുന്നോട്ടുപോവുക. ഞങ്ങളുടെ മതനിരപേക്ഷ മൂല്യത്തെയോ വർഗീയ വിരുദ്ധ നിലപാടിനെയോ ചരിത്രത്തിൽ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
ഇടതുപക്ഷം അടിയന്തരാവസ്‌ഥ കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പരാമർശം. നിലമ്പൂർ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ”അടിയന്തരാവസ്‌ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു. അടിയന്തരാവസ്‌ഥ അർദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മാറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു”- ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരിൽ ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതിൽ വിമർശനം ഉയർത്തി സംസാരിക്കുന്നതിനിടെ ആയിരുന്നു ഗോവിന്ദന്റെ പരാമർശം. താൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചതെന്നും ഗോവിന്ദൻ വ്യക്‌തമാക്കിയിരുന്നു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം