കോഴിക്കോട്: ജില്ലയിൽ നാല് വയസുകാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചു. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെ ആണ് ശിക്ഷിച്ചിരിക്കുന്നത്. സംഭവം നടന്ന് 31 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.
1991ലാണ് മിനി എന്ന ശാരി കൊല്ലപ്പെടുന്നത്. എറണാകുളം സ്വദേശിയായ മജ്‌ഞു എന്ന സ്‌ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽ നിന്നും കുഞ്ഞിനെ ബീന വളര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കുഞ്ഞുമായി കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ താമസിച്ചു വരുന്നതിനിടെയാണ് കൊലപാതകം നടന്നത്.
കേസിലെ ഒന്നാം പ്രതിയായ ഗണേശൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഒന്നാം പ്രതി ഗണേശനും ബീനയും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം പ്രതിയെ പോലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്. ഒന്നാം പ്രതി ഗണേശനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
Read also: കനത്ത മഴ; 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്








































